ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ചുള്ള നിയമത്തിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗത്തിലും വിതരണത്തിലും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുക എന്ന ലക്ഷ്യേത്താടെയാണ് പുതിയ നടപടി. ഇത് സംബന്ധിച്ച് ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകി.
കാർഡ് നെറ്റ്‌വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ഇടപാടുകൾ നിരീക്ഷിച്ചതിന് പിന്നാലെയാണ് ആർബിഐയുടെ നടപടി. മറ്റ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒാപ്ഷൻ ഉപയോക്താക്കൾക്ക് നൽകണമെന്ന് ക്രെഡിറ്റ് കാർഡ് വിതരണക്കാർക്ക് ആർബിഐ നിർദേശം നൽകി. വിസ, മാസ്റ്റർ കാർഡ് എന്നിവയാണ് ഇന്ത്യയിലെ രണ്ട് പ്രധാന ക്രെഡിറ്റ് കാർഡ് നെറ്റ്‌വർക്കുകൾ.
ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ബാങ്കുകളോ ബാങ്ക് ഇതര സ്ഥാപനങ്ങളോ ഉപയോക്താക്കൾക്ക് ഒന്നിലധികം നെറ്റ്‌വർക്കുകൾ ഉപയോഗിക്കാനുള്ള ഓപ്ഷനുകൾ നൽകണം. കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് തന്നെ ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ നൽകണമെന്നാണ് നിർദേശം. പുതുക്കുന്ന സമയത്തും കാർഡ് ഉടമകൾക്ക് ഈ ഓപ്ഷൻ നൽകണം. ഇതിനായി അംഗീകൃത കാർഡ് നെറ്റ്‌വർക്കുകളുടെ പേരും റിസർവ് ബാങ്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ എക്‌സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഡൈനേഴ്‌സ് ക്ലബ്ബ് ഇന്റർനാഷണൽ, മാസ്റ്റർ കാർഡ് ഏഷ്യ- പസഫിക്ക്, എൻപിസിഐ റുപെ എന്നിവയാണ് പട്ടികയിൽ ഉള്ളത്.
കാർഡ് നെറ്റ്‌വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ചില ക്രമീകരണങ്ങൾ ഉപയോക്താക്കൾക്ക് തടസമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചും ആർബിഐ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നെറ്റ് വർക്ക് പ്രയോജനപ്പെടുത്തുന്നതിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള കാരാറുകളിലും കാർഡ് നെറ്റ്‌വർക്കുകളിലും ഏർപ്പെടരുത്.
അതേസമയം, 10 ലക്ഷമോ അതിൽ താഴെയോ സജീവ കാർഡുകളുള്ള ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർക്ക് ആർബിഐയുടെ ഈ നിർദേശങ്ങൾ ബാധകമല്ല.
Discussion about this post