ദോഹ : റമദാൻ മാസത്തിൽ ഗാസയിൽ വെടിനിർത്തൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലുമായി നടത്തിയ ചർച്ച പരാജയമാണെന്ന് ഖത്തർ. ഖത്തറും ഈജിപ്തും ആഴ്ചകളോളം ഇക്കാര്യത്തിനായി ശ്രമിച്ചെങ്കിലും ഇസ്രായേൽ വഴങ്ങുന്നില്ലെന്നാണ് ഖത്തർ പ്രധാനമന്ത്രി അറിയിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനുമായും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി അറിയിച്ചു.
റമദാൻ മാസം പ്രമാണിച്ച് 6 ആഴ്ചത്തേക്ക് ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിക്കണം എന്നായിരുന്നു ഖത്തർ അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നത്. ഈജിപ്തിലെ കെയ്റോയിൽ വച്ചായിരുന്നു ഈ വിഷയത്തിൽ ഏറ്റവും ഒടുവിലായി ചർച്ച നടന്നത്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ ഇസ്രായേൽ അംഗീകരിച്ചില്ലെന്നും ചർച്ച പരാജയപ്പെട്ടെന്നും ഖത്തർ അറിയിച്ചു.
ചർച്ചയ്ക്കായി ഈജിപ്തിലെ കെയ്റോയിൽ എത്തിയിട്ടുള്ള ഹമാസ് പ്രതിനിധികൾ ഇപ്പോഴും അവിടെ തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഗാസയിൽ നിന്ന് പിൻവാങ്ങുകയും ഇസ്രായേൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ചില ഹമാസ് തടവുകാരെ മോചിപ്പിക്കുകയും ചെയ്താൽ തങ്ങൾ ബന്ദികൾ ആക്കിയിരിക്കുന്ന ഇസ്രായേൽ പൗരന്മാരെ വിട്ടയക്കാം എന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ ആവശ്യങ്ങൾക്ക് ഇസ്രായേൽ വഴങ്ങിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post