ഡല്‍ഹി: വിവാഹത്തിന് ശേഷവും ഭാര്യയോട് പണം ആവശ്യപ്പെടുന്ന് സ്ത്രീധനമാണെന്ന് സുപ്രീംകോടതി. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് പതിനേഴ് വര്‍ഷം മുമ്പുണ്ടായ കൊലപാതക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.സ്ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എം.വൈ.ഇഖ്ബാല്‍, പിനാകി ചന്ദ്ര ഘോസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 1997ല്‍ ഭാര്യയെ വിഷം നല്കിയ ശേഷം കത്തിച്ച കേസില്‍ ഉത്തരാഖണ്ഡ് സ്വദേശി ഭീം സിംഗിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തങ്ങള്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെ കുടുംബത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു.സാഹചര്യത്തെളിവുകളെല്ലാം ഭീം സിംഗിനെതിരാണെന്നും ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശരിവയ്ക്കുന്നതായും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
1997 മേയിലാണ് ഭീം സിംഗും പ്രേമാദേവിയും വിവാഹിതരായത്. സെപ്തംബര്‍ 26ന് പ്രേമാദേവി പൊള്ളലേറ്റു മരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതായും കണ്ടെത്തി. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭീം സിഗിനെയും സഹോദരനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
Discussion about this post