കൊല്ലം : ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം സർക്കാരിൻറെ ഔദാര്യമല്ല എന്ന് പിണറായി സർക്കാർ മനസ്സിലാക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു. കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടന്ന ഫെറ്റോ സംഘടനകളുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം സർക്കാർ ഖജനാവ് കാലിയാക്കിയതാണ് ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണമെന്നും ദേശീയ അധ്യാപക പരിഷത്ത് വിലയിരുത്തി.
ശമ്പളം മുടങ്ങിയത് വെറും സാങ്കേതിക പിഴവ് മാത്രമാണെന്ന് ധനമന്ത്രിയും കേന്ദ്ര സർക്കാരാണ് ശമ്പളം മുടക്കിയതെന്ന വിചിത്ര വാദം ഭരണാനുകൂല സർവീസ് സംഘടനകളും പറയുന്നു. ജീവനക്കാരന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ക്യാപ്സൂളുകൾ വിലപ്പോവില്ല. വിലക്കയറ്റവും ജീവിത ചെലവുകളും അങ്ങേയറ്റം എത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ സാധാരണക്കാരായ സർക്കാർ ജീവനക്കാരോടും അദ്ധ്യാപകരോടും കാണിക്കുന്ന ഈ വഞ്ചന നീതീകരിക്കാനാവില്ല.
ഇതിനോടൊക്കെ മൗനം പാലിക്കുന്ന ഭരണ അനുകൂല സംഘടനകൾ വഞ്ചനയ്ക്ക് കൂട്ടുനിൽക്കുകയാണ്. അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തി ജീവനക്കാരെ കബളിപ്പിക്കാനുള്ള ഗൂഡ ശ്രമമാണ് ഇക്കൂട്ടർ നടത്തുന്നത്. ഇടത് സർവീസ് സംഘടനകളുടെ അടിമത്വ മനോഭാവം അവസാനീപ്പിക്കണമെന്നും സർക്കാരിന്റെ വഞ്ചനാപരമായ നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെറ്റോ ജില്ലാ പ്രസിഡന്റ് എ.ജി.രാഹുലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരത്തിൽ എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തി ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ പ്രസിഡന്റ് എസ്.കെ. ദിലിപ്കുമാർ എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ആർ. പ്രദിപ് കുമാർ പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ഡി. ബാബു പിള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫെറ്റോ ജില്ലാ സെക്രട്ടറി എ.അനിൽകുമാർ സ്വാഗതവും NTU ജില്ലാ സെക്രട്ടറി എസ്.കെ. ദീപു കുമാർ നന്ദിയും പറഞ്ഞു.
Discussion about this post