തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ഭാവിയുണ്ട് എന്ന തിരിച്ചറിവാണ് പലരെയും ബിജെപിയിലേക്ക് എത്തിക്കുന്നത് എന്ന് വി മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിലെ തമ്മിലടിയും തൊഴുത്തിൽ കുത്തും അഴിമതിയും കണ്ട് മനം മടുത്താണ് പത്മജ ബിജെപിയിലേക്ക് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ കരുണാകരന്റെയും ആന്റണിയുടെയും മാധവറാവു സിന്ധ്യയുടെയും ജിതേന്ദ്രപ്രസാദിന്റെയും എല്ലാം മക്കൾ ഇപ്പോൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണ്. കോൺഗ്രസിന് ഭാവിയില്ല എന്ന് അവർ മനസ്സിലാക്കിയതാണ് അതിന് കാരണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൽ ഇനിയും തുടരുന്നത് ആന മണ്ടത്തരം ആണെന്ന തിരിച്ചറിവ് അവർക്കുള്ളതുകൊണ്ടാണ് ബിജെപിയിലേക്ക് എത്തുന്നതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് കുടുംബത്തിൽ ജനിച്ചുവളർന്ന് കോൺഗ്രസിനെ അടുത്തറിഞ്ഞ വ്യക്തിയാണ് പത്മജ വേണുഗോപാൽ. എന്നാൽ ഇപ്പോൾ കോൺഗ്രസ് ആശയങ്ങൾ കാലഹരണപ്പെട്ടു. ഇന്ത്യയുടെ വികസനത്തിന് നരേന്ദ്രമോദിയുടെ നേതൃത്വം അനിവാര്യമാണെന്ന് എല്ലാവരും മനസ്സിലാക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുന്നതാണ്. ഏത് പാർട്ടിയിൽ നിന്ന് ആരു വന്നാലും സർവ്വാത്മനാ സ്വാഗതം ചെയ്യുമെന്നും വി മുരളീധരൻ വ്യക്തമാക്കി.
Discussion about this post