ഭാവി ജീവിതത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ആശങ്കയുള്ളവരാണ് നമ്മൾ. അതുകൊണ്ട് തന്നെ നമ്മുടെ വരുമാനത്തിലെ ഒരു ഭാഗം നിക്ഷേപമായി നാം മാറ്റിവയ്ക്കാറുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും, ഭാവി ജീവിതം സുഗമമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും നിക്ഷേപങ്ങൾ സഹായിക്കുന്നു.
ഇക്കാരണം കൊണ്ടുതന്നെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കൂണ് പോലെ മുളച്ചുപൊന്തുകയാണ്. ഇവരാകട്ടെ നിക്ഷേപവുമായി ബന്ധപ്പെട്ട പലവിധ വാഗ്ദാനങ്ങളും നമുക്ക് നൽകുന്നു. അതുകൊണ്ട്തന്നെ പലർക്കും എവിടെയാണ് പണം സുരക്ഷിതമായി നിക്ഷേപിക്കേണ്ടത് എന്നതിനെക്കുറിച്ച് ആശങ്കയാണ്. എന്നാൽ നമ്മുടെ ഭാവിയ്ക്കായി നിക്ഷേപം നടത്താൻ പറ്റിയ സ്ഥലം നമ്മുടെ സമീപത്തുള്ള പോസ്റ്റ് ഓഫീസുകളാണ്.
ആകർഷകമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകൾ നമുക്ക് മുൻപിൽ വയ്ക്കുന്നത്. എന്നാൽ വൻകിട ബാങ്കുകളുടെ വാഗ്ദാനങ്ങളുടെ കുത്തൊഴുക്കിൽ പോസ്റ്റ് ഓഫീസിന്റെ മേന്മ നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു. സുരക്ഷിത നിക്ഷേപത്തിനായി പോസ്റ്റ് ഓഫീസ് നമുക്ക് നൽകുന്ന പ്രധാന നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് അഥവാ എസ് സി എസ് എസ് .
മുതിർന്നവർക്ക് പണം നിക്ഷേപിച്ച് മികച്ച വരുമാനം നേടിയെടുക്കാൻ കഴിയുന്ന പദ്ധതിയാണ് ഇത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പദ്ധതിൽ ചേരാം. 55 വയസിന് മുകളിലുള്ള സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർക്കും, 50 വയസിന് മുകളിൽ പ്രായമുള്ള സൈന്യത്തിൽ നിന്നും വിരമിച്ചവർക്കും ഇതിൽ അംഗമാകാം. ആയിരം രൂപ മുതൽ പദ്ധതിയിൽ നിക്ഷേപിക്കാം. ആയിരം മുതൽ 30 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാവുന്ന തുക.
8.2 ശതമാനം ആണ് പലിശനിരക്ക്. ഇത് മൂന്ന് മാസത്തിലൊരിക്കൽ ലഭിക്കും. 30 ലക്ഷം രൂപയാണ് നിക്ഷേപം എങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ 61,500 രൂപ ലഭിക്കും. വർഷത്തിൽ 2.46 ലക്ഷം രൂപയും അഞ്ച് വർഷം കൊണ്ട് 12.30 ലക്ഷം രൂപയും ലഭിക്കും. ജോയിന്റ് അക്കൗണ്ടുകളിലും പദ്ധതി ആരംഭിക്കാം.
അഞ്ച് വർഷംവരെയാണ് പദ്ധതി കാലാവധി. ഇത് പൂർത്തിയാകുമ്പോൾ മൂന്ന് വരെ ദീർഘിപ്പിക്കാനുള്ള ഒപ്ഷനും ഉണ്ട്. നികുതി ഇളവ് പദ്ധതിയുടെ മറ്റൊരു ആകർഷണം ആണ്. 1.50 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി അനുസരിച്ച് നികുതി ഇളവ് ഉണ്ട്.
Discussion about this post