ചണ്ഡീഗഡ് : കർഷക സമരക്കാർക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ശാസന. കർഷകസമരത്തിനിടയിൽ സംഘർഷാവസ്ഥ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സമരക്കാർ കുട്ടികളെ പരിച ആക്കി ഉപയോഗിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇത് പഞ്ചാബിന്റെ സംസ്കാരം അല്ലെന്നും ഇത്തരം പ്രവൃത്തികൾ ലജ്ജാകരമാണെന്നും കോടതി നിരീക്ഷിച്ചു.
പഞ്ചാബ്, ഹരിയാന സർക്കാരുകളുടെ പരാജയം മൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഇരു സർക്കാരുകളും കോടതിയിൽ കർഷക പ്രക്ഷോഭം സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. പരസ്പരം പഴിചാരാൻ ഇരു സംസ്ഥാനങ്ങളും മത്സരിക്കുകയാണോ എന്ന് ഹൈക്കോടതി ഇരു സംസ്ഥാനങ്ങളെയും ശാസിച്ചു.
ഹരിയാന സർക്കാർ ആണ് കർഷക സമരക്കാർ കുട്ടികളെ കവചം ആക്കി ഉപയോഗിക്കുന്നതായി കാണിച്ചുകൊണ്ട് സമരസ്ഥലത്തെ ഇത്തരം സംഭവങ്ങളുടെ ചിത്രങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്. കർഷക സമരക്കാരുടെ ആക്രമണങ്ങളെ തുടർന്ന് 20ലധികം പോലീസുകാർക്ക് പരിക്കേറ്റതായും ഹരിയാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി പഠിക്കാൻ ആയി പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഉള്ള എഡിജിപി റാങ്കിലുള്ള ഓരോ ഉദ്യോഗസ്ഥരും ഒരു വിരമിച്ച ഹൈക്കോടതി ജഡ്ജിയും അടങ്ങുന്ന പുതിയൊരു സമിതിയെ ഹൈക്കോടതി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post