തൃശ്ശൂർ : തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ അപ്രതീക്ഷിതമായി മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി സിറ്റിംഗ് എം പി ടി എൻ പ്രതാപൻ. ‘ ടി എൻ പ്രതാപൻ എന്ന പേര് തൃശ്ശൂരിന്റെ ഹൃദയത്തിലെ വർണ്ണം വറ്റാത്ത പുസ്തകത്താളിൽ ഇനിയൊരു മയിൽപീലിയായി ഉണ്ടാകും’ എന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ടി എൻ പ്രതാപൻ പ്രതികരിച്ചത്. സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ച് പോസ്റ്ററുകൾ പോലും അടിച്ചതിനുശേഷം ആയിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം അപ്രതീക്ഷിതമായി തൃശൂരിൽ നിന്നും പ്രതാപനെ മാറ്റിയത്.
വടകര എംപി ആയിരുന്ന കെ മുരളീധരനെ ആണ് കോൺഗ്രസ് തൃശൂരിൽ മത്സരിക്കാനായി നിയോഗിച്ചിട്ടുള്ളത്. സഹോദരി പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ആയിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന തൃശ്ശൂർ മണ്ഡലത്തിൽ സിറ്റിംഗ് എംപിയായ ടി എൻ പ്രതാപൻ തന്നെ വീണ്ടും മത്സരിക്കും എന്നായിരുന്നു കരുതിയിരുന്നത്. തൃശ്ശൂരിൽ പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രതാപൻ ഇറങ്ങിയിരുന്നു.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ തൃശ്ശൂർ മണ്ഡലത്തിലെ 150 ഓളം സ്ഥലങ്ങളിൽ ടി എൻ പ്രതാപന് വേണ്ടി ചുവരെഴുത്തുകൾ നടത്തിയിരുന്നു. പ്രതാപന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള മൂന്നര ലക്ഷത്തോളം പോസ്റ്ററുകളും ഇറക്കിയിരുന്നു. എന്നാൽ അവസാനം നിമിഷം ദേശീയ നേതൃത്വം പ്രതാപനെ കൈവിട്ടതോടെ പ്രതാപന് വോട്ട് അഭ്യർത്ഥിച്ചുള്ള ചുവരെഴുത്തുകൾ മാറ്റാൻ തൃശ്ശൂർ ഡിസിസി കോൺഗ്രസ്സ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post