ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം ഇടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മന്ത്രിമാർ നടത്തിയ പരാമർശങ്ങളും ഇതേ തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇടിവുണ്ടാകാൻ കാരണം.
വിനോദ സഞ്ചാരികളുടെ വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മാലിദ്വീപ് ടൂറിസം വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുള്ളതായി വ്യക്തമായിട്ടുള്ളത്. 2023 ൽ മാർച്ചുവരെ 41,000 ഇന്ത്യക്കാർ ആയിരുന്നു മാലിദ്വീപ് സന്ദർശിച്ചിരുന്നത്. എന്നാൽ 2024 മാർച്ചുവരെ 27,224 പേരാണ് വിനോദ സഞ്ചാരത്തിനായി ദ്വീപിൽ എത്തിയത്. അതായത് 33 ശതമാനത്തിന്റെ ഇടിവുണ്ടായി.
ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലയിലുണ്ടായ വികസനമാണ് മാലി സന്ദർശിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഇടിവിന് മറ്റൊരു കാരണം ആയത്. മാലിയിലേക്ക് എത്തേണ്ടവർ അതിന് പകരമായി ലക്ഷദ്വീപിലേക്ക് പോയി. കഴിഞ്ഞ വർഷം മാർച്ച് വരെ മാലിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദ സഞ്ചാര ശ്രോതസ് ആയിരുന്നു ഇന്ത്യ.
അതേസമയം ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും മാലിയിലേക്കുള്ള ചൈനീസ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 54,000 പേരാണ് മാർച്ചുവരെ മാലിദ്വീപ് സന്ദർശിച്ചത്. നിലവിൽ മാലി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ചൈന ഒന്നാംസ്ഥാനത്ത് ആണ്. ഈ വർഷം ഫെബ്രുവരിയിൽ 2, 17, 394 പേരാണ് മാലി സന്ദർശിച്ചത്. ഇതിൽ 34,600 പേർ ചൈനയിൽ നിന്നുള്ളവരാണ്.
Discussion about this post