ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ നിന്നും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ അറിയിച്ചു.
കഫേയുടെ പാർക്കിംഗ് ഏരിയയിലെ സിസിടിവിയിലാണ് പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. കഫേയിൽ ബോംബ് അടങ്ങിയ ബാഗ് സ്ഥാപിച്ചതിന് ശേഷമാണ് ഇയാൾ പാർക്കിംഗ് ഏരിയ വഴി പോയിരിക്കുന്നത്. ഈ സമയം അയാൾ മറ്റൊരു വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പിടിക്കപ്പെടാതിരിക്കാനാകാം ഇങ്ങനെ വസ്ത്രം മാറിയത് എന്നാണ് സംശയിക്കുന്നത്. ഇവിടെ നിന്നും പുറത്തു കടന്ന ഇയാൾ ഒരു ബസിൽ കയറി പോകുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
നേരത്തെ ഇയാൾ കഫേയിൽ ഇരിക്കുന്നതിന്റെയും , സ്‌ഫോടനത്തിന് ശേഷം ബസിൽ യാത്ര ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്.
അതേസമയം സംഭവത്തിൽ എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ബെല്ലാരി ഘടകമാണ് സംഭവത്തിന് പിന്നിൽ എന്നാണ് എൻഐഎ സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post