ചരിത്രസ്മാരകങ്ങൾ കൊണ്ട് സമ്പന്നമാണ് ഭാരതം. അവയിൽ 36 ലധികം സ്മാരകങ്ങൾ യുനസ്‌കോയുടെ ലോകപൈതൃക പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കുന്നു. ആ കൂട്ടത്തിൽ ഒരു ദേശീയോദ്യാനം ഉണ്ടെന്നറിയാമോ. അതെ, ആനപ്പുറത്തേറിയും, ജീപ്പിൽ കറങ്ങിയും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിറ്റാക്കിയ അസമിലെ കാസിരംഗയാണ് അത്. കാസിരംഗയിൽ രാത്രി വിശ്രമത്തിനുശേഷം ജംഗിൾ സഫാരിയിലെത്തിയ രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അത് കൊണ്ട് തന്നെ മോദി സഫാരി നടത്തിയ ഉദ്യാനം ഏതെന്ന് സമൂഹമാദ്ധ്യമങ്ങളിൽ തിരയുകയാണ് വിദേശീയരടക്കമുള്ള സഞ്ചാര പ്രേമികൾ.
അപൂർവ്വ കാഴ്ചകളുടെയും പ്രകൃതി രമണീയതകളുടെയും വിരുന്നൊരുക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ ഇടമാണ് കാസിരംഗ നാഷ്ണൽ പാർക്ക്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളും കടുവകളും അപൂർവ്വയിനത്തിൽപ്പെട്ട പക്ഷികളും കൂടാതെ ഏഷ്യൻ ആനകളും ചെളിയിൽ മുങ്ങി ജീവിക്കുന്ന മാനുകളുമെല്ലാം കാണപ്പെടുന്ന മനോഹരമായ ദേശീയോദ്യാനമാണ് കാസിരംഗ. ആസാമിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും വസിക്കുന്നത്. 1985 > യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയ ഇവിടം പ്രകൃതിസ്‌നേഹികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും കാസിരംഗ മാറി. ലോകത്തിൽ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ള ഇവിടം, 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു .ദേശാടന പക്ഷികളടക്കം അപൂർവ പക്ഷിജാലങ്ങളെ കണ്ടുവരുന്ന ഇവിടം ബേഡ്‌ലൈഫ് ഇൻറർനാഷനൽ പ്രാധാന്യമുള്ള സ്ഥലമായും പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യഹരിത വനമേഖലയായ കാസിരംഗയിൽ ധാരാളം ചതുപ്പുനിലങ്ങളും പുൽമേടുകളും എല്ലാമുണ്ട്. കാട് ഭരിക്കുന്ന ഭീമന്മാരെ അടുത്ത് കാണാനുള്ള അവസരം ഇതേപോലെ കിട്ടുന്ന സ്ഥലങ്ങൾ വേറെ അധികമില്ല. ബ്രഹ്മപുത്രയുടെ സാന്നിധ്യവും അടുത്തുള്ള മികിർ മലകളുടെ മനോഹരമായ കാഴ്ചയും കൂടിയാകുമ്പോൾ ആ അനുഭവം കൂടുതൽ സുന്ദരമാകുന്നു.
വർഷം മുഴുവൻ മികച്ച കാലാവസ്ഥയാണ് കാസിരംഗയിൽ. ചൂടോ തണുപ്പോ ഒന്നും ഒരു പരിധിയിൽ കവിഞ്ഞു പോവാറില്ല. നവംബർ മുതൽ ജനുവരി വരെ ശൈത്യകാലമായും ഫെബ്രുവരി മുതൽ ജൂൺ വരെ വേനൽക്കാലമായും ജൂൺ-ജൂലൈ മൺസൂൺ ആയും കണക്കാക്കുന്നു. വർഷം മുഴുവൻ നേരിയ ചാറ്റൽമഴ ലഭിക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന പേരിലാണ് കാസിരംഗ ലോകപ്രശസ്തമായത്. എന്നാൽ കാണ്ടാമൃഗങ്ങൾ മാത്രമല്ല, കാട്ടുപോത്ത്, തൊപ്പിക്കാരൻ ലംഗൂർ, റോക് പൈത്തൺ, മോണിറ്റർ ലിസാർഡ്, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ മുതലായവയും ഇവിടെയുണ്ട്. മിഹി മുഖ് ആണ് പാർക്കിന്റെ ആരംഭസ്ഥാനം. പ്രത്യേക പരിശീലനം ലഭിച്ച ആനകളുടെ പുറത്തേറിയുള്ള കറക്കമാണ് കാസിരംഗയിലെ പ്രധാന ആകർഷണം.
സങ്കേതത്തിനുള്ളിലേക്ക് കടക്കാൻ ഇവിടെ നിന്നും ആനകളെ വാടകയ്‌ക്ക് കിട്ടും.വന്യമൃഗങ്ങളെ അടുത്തുകാണാൻ ഇതുപോലൊരു യാത്രാമാർഗം ഇന്ത്യയിൽ മറ്റൊരു നാഷ്ണനൽ പാർക്കിലും ഇല്ല എന്നുവേണം പറയാൻ.ആനകൾക്ക് കൃത്യമായി പരിശീലനം നൽകാൻ കഴിവുറ്റ പാപ്പാന്മാരുണ്ട്. അവർ ആനകളെ നിയന്ത്രിച്ചു കൊണ്ട് കൂടെത്തന്നെ വരും. വഴിയിൽ ശാന്തരായി കടന്നു പോകുന്ന കാണ്ടാമൃഗങ്ങളെ കാണാം. സമാധാനപ്രിയരായ ഇവർ ആരെയും ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ പോകാതെ സ്വന്തം ജീവിതത്തിൽ മാത്രം മുഴുകിക്കഴിയാൻ ഇഷ്ടപ്പെടുന്നവരാണ്. ആനസവാരി താല്പര്യമില്ല എന്നുണ്ടെങ്കിൽ വാച്ച് ടവറുകളിൽ കയറി വന്യമൃഗങ്ങളെ നിരീക്ഷിക്കാം. ടൂറിസ്റ്റുകൾക്കായി ഇവിടെയുള്ള റിനോലാന്റ് പാർക്കിൽ ബോട്ട് സവാരി ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും അതിനെ വിമർശിച്ച് കൊണ്ട് മാലിദ്വീപിലെ മന്ത്രിമാർ നടത്തിയ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ചീനവലയിൽ കുടുങ്ങിയ മാലിദ്വീപിൻ്റെ തലമറന്നുള്ള എണ്ണ തേയ്ക്കലിന് തിരസ്ക്കണത്തിലൂടെയാണ് സഞ്ചാരികൾ മറുപടി നൽകിയത്. ഇതോടെ മാലിദ്വീപിൻ്റെ മാർക്കറ്റ് ഇടിയുകയും ലക്ഷദ്വീപ് ലോകടൂറിസത്തിൽ മാറ്റിവയ്ക്കാനാവാത്ത ഒന്നായി മാറുകയും ചെയ്തു. ഇത് പോലെ പ്രധാനമന്ത്രി സന്ദർശിച്ച് നേരിട്ട് ക്ഷണിച്ച കാസിരംഗയും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിക്കുമെന്നതിൽ സംശയമില്ല. എന്നാൽ സമയം കളയാതെ വേഗം ബാഗ് പാക്ക് ചെയ്ത് കാസിരംഗയിലേക്ക് വണ്ടി വിട്ടോളൂ.
Discussion about this post