ചെന്നൈ : തമിഴകത്തെ പ്രിയ നടൻ അജിത്ത് കുമാർ ആശുപത്രി വിട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാലാണ് നടൻ ആശുപത്രി വിട്ടത്. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നടനെ പ്രവേശിപ്പിച്ചത്.
അജിത് കുമാർ പൂർണ ആരോഗ്യവാനായിരിക്കുന്നു എന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു. താരത്തിന്റെ ആരോഗ്യ സ്ഥിതിയിൽ യാതൊരു പ്രശ്നങ്ങളുമില്ല എന്നും മാനേജർ പറഞ്ഞു. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം വിഡാ മുയർച്ചിയുടെ ചിത്രീകരണത്തിനായി മാർച്ചിൽ തന്നെ അജിത്ത് ലോക്കേഷനിൽ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിടാമുയർച്ചി എന്ന സിനിമയുടെ ചിത്രീകരത്തിനായി 15ന് അസർബൈജാനിലേക്കു പോകാനിരിക്കെയാണ് നടൻ ചികിത്സ തേടിയത്.
അജിത്ത് നായകനായി വിഡാ മുയർച്ചിയെന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മഗിഴ് തിരുമേനിയാണ് സംവിധാനം നിർവഹിക്കുന്നത് . വിഡാ മുയർച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം മാത്രമാണ് ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നത്. വിഡാ മുയർച്ചിയുടെ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാൻ ബാക്കിയുണ്ട് എന്നും റിപ്പോർട്ടുണ്ട്. അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്.
നടൻ ആശുപത്രിയിൽ ആണെന്നുള്ള വിവരം അറിഞ്ഞതോടെ നടന്റെ ആരാധകർക്ക് ഇടയിൽ ആശങ്ക ഉയർത്തിയിരുന്നു. വാർത്ത പരന്നതോടെ ആശുപത്രിക്ക് മുൻപിൽ ആരാധകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.
Discussion about this post