കൊല്ലം: ചിതറയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് പിടിയിലായത്. വനിതാ എസ്‌ഐയെ ഉൾപ്പെടെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയതായിരുന്നു പ്രതികൾ. ഇവിടെ സുരക്ഷയൊരുക്കുന്നതിന് വേണ്ടിയായിരുന്നു പോലീസ് എത്തിയത്. ഇതിനിടെ എസ്‌ഐയുടെ വാഹനത്തിന് മുൻപിൽ മൂന്ന് പേരും ചേർന്ന് നൃത്തം ചെയ്ത് തടസം ഉണ്ടാക്കുകയായിരുന്നു. മുന്നോട്ട് പോകാൻ കഴിയാത്തതിനെ തുടർന്ന് എസ്‌ഐ വാഹനത്തിൽ നിന്നും ഇറങ്ങുകയായിരുന്നു.
തുടർന്ന് യുവാക്കളോട് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ എസ്‌ഐയെ തടഞ്ഞു നിർത്തുകയായിരുന്നു. പിന്നീട് ഇവർ ജീപ്പ് ആക്രമിക്കുകയും പോലീസുകാരെ മർദ്ദിക്കുകയും ചെയ്തു. കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് ആക്രമണത്തിൽ നിന്നും പോലീസുകാരെ രക്ഷിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിക്കൽ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.












