ടെൽ അവീവ്: അമേരിക്കയുടെ ശക്തമായ താക്കീത് ഉണ്ടെങ്കിലും ഗാസ മുനമ്പിൻ്റെ തെക്കൻ അതിർത്തിയിലുള്ള റാഫ പട്ടണം പിടിച്ചടക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല എന്ന് വ്യക്തമാക്കി ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു.
ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം തനിക്ക് മറക്കാൻ കഴിയില്ലെന്നും, തന്റെ ദൃഢനിശ്ചയത്തിന്റെ കാരണം അതാണെന്നും നെതന്യാഹു തുറന്നു പറഞ്ഞു. റാഫ ആക്രമണം “എല്ലാ പരിധികളും ” തകർക്കുന്നത് ആയിരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടാണ് നെതന്യാഹു ഇപ്പോൾ മുന്നോട്ട് പോകുന്നത്.
അന്താരാഷ്ട്ര വാർത്താ മാദ്ധ്യമമായ പൊളിറ്റികോയ്ക്ക് നൽകിയ പ്രേത്യേക അഭിമുഖത്തിലാണ് റാഫ ആക്രമണം എല്ലാ പരിധികളും വിടുന്നത് ആയിരിക്കും എന്ന ജോ ബൈഡന്റെ പരാമർശത്തോട് നെതന്യാഹു പ്രതികരിച്ചത്. “ഞങ്ങൾ റാഫയിലേക്ക് പ്രവേശിക്കും, ഞങ്ങൾ ഒരു സ്ഥലവും ഒഴിവാക്കാൻ പോകുന്നില്ല, അതെ എല്ലാ പരിധികളും കടന്നു കഴിഞ്ഞു എന്ന് ഞങ്ങൾക്കറിയാം. പക്ഷെ നിങ്ങൾക്കറിയാമോ എന്താണ് എല്ലാ പരിധികളും കടന്നത് എന്ന് ? അത് ഇസ്രായേൽ പൗരന്മാർക്കെതിരെ ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണം ആണ്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് പരിധി, ഇനി ഒരു ഒക്ടോബർ 7 ഉണ്ടാകില്ല, ഒരിക്കലും ഉണ്ടാകില്ല അദ്ദേഹം പറഞ്ഞു.
അതെ സമയം പല അറബ് രാജ്യങ്ങളും തനിക്ക് പിന്തുണയായി രംഗത്തുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് എന്നാൽ ഇറാൻ അച്ചുതണ്ടിന്റെ ഭാഗം ആണെന്ന് എല്ലാ അറബ് രാജ്യങ്ങൾക്കും അറിയാം. അവർ അത് പുറത്ത് പറയുന്നില്ല എന്നെ ഉള്ളൂ. രഹസ്യമായി അവർക്ക് കാര്യങ്ങളറിയാം, നെതന്യാഹു പറഞ്ഞു
അതെ സമയം ആയിരക്കണക്കിന് ഫലസ്തീനികൾ ഇനിയും മരണപ്പെടുന്നത് തനിക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത് ഇസ്രായേലിന് ഗുണത്തേക്കാൾ കൂടുതൽ ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ബൈഡൻ വ്യക്തമാക്കി
അതെ സമയം ഹമാസിൻ്റെ ഭീകരവാദ ബറ്റാലിയനുകളുടെ മുക്കാൽ ഭാഗവും ഞങ്ങൾ നശിപ്പിച്ചുവെന്നും ബാക്കി കൂടി ഞങ്ങൾ നശിപ്പിക്കുമെന്നും വെറും ഒരു മാസത്തിനുള്ളിൽ യുദ്ധം തീരുമെന്നും നെതന്യാഹു വ്യക്തമാക്കി
Discussion about this post