ന്യൂഡൽഹി: ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ഇന്ന് (തിങ്കളാഴ്ച ) വൈകുന്നേരത്തോട് കൂടെ വിജ്ഞാപനം ചെയ്‌തേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ അതാത് രാജ്യങ്ങളിൽ മതപരമായ പീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി സമുദായങ്ങളിൽപ്പെട്ട പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പൗരത്വം നൽകുവാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ട് വന്നിരിക്കുന്നത്.
സിഎഎയ്ക്ക് കീഴിൽ പൗരത്വത്തിന് അപേക്ഷിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും പൗരത്വം അനുവദിക്കുന്നതിനുമുള്ള ഒരു ഓൺലൈൻ സംവിധാനം ആഭ്യന്തര മന്ത്രാലയം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് .2019 ഡിസംബറിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നിരിന്നുവെങ്കിലും ചട്ടങ്ങൾ കൃത്യമായി ഇതുവരെ വിജ്ഞാപനം ചെയ്യാത്തതിനാൽ പ്രായോഗികമായി നടപ്പിലായിട്ടില്ല.
നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് മുസ്ലീം സമുദായവും പ്രതിപക്ഷ പാർട്ടികളും ഇത് വിവേചനമാണെന്ന് വിശേഷിപ്പിക്കുകയും വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു കൂടാതെ നിയമം പിൻവലിക്കണമെന്നും വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു .
എന്നാൽ പൗരത്വ ഭേദഗതി നിയമം പൗരത്വം കൊടുക്കാനുള്ളതാണെന്നും മറിച്ച് ആരുടേയും പൗരത്വം കവരാനുള്ളതല്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post