മലപ്പുറം: പെരുമ്പിലാവിൽ മദ്യലഹരിയിൽ കാറിൽ പാഞ്ഞ യുവാക്കൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി നൂഹ്, ചങ്കുവെട്ടി സ്വദേശി ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. റോഡിൽ സംഘർഷമുണ്ടാക്കിയ ഇവരെ നാട്ടുകാരാണ് പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് ഭാഗത്തുനിന്ന് കൊരട്ടിക്കര ഭാഗത്തേക്കായിരുന്നു അമിത വേഗതയിൽ ഇവർ പോയത്. ഇതിനിടെ രണ്ട് ബൈക്കുകളിൽ ഇടിച്ച് അപകടം ഉണ്ടാക്കി. ഇതേ തുടർന്ന് നാട്ടുകാർ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപ്പോഴാണ് ഇവർ മദ്യലഹരിയിലാണെന്ന് വ്യക്തമായത്.
തുടർന്ന് നാട്ടുകാർ സംഭവം ചോദ്യം ചെയ്തു. എന്നാൽ യുവാക്കൾ ഇവരോട് തട്ടിക്കയറുകയായിരുന്നു. ഇത് സ്ഥലത്ത് നേരിയ സംഘർഷത്തിന് കാരണമായി. ഇതോടെ നാട്ടുകാരിൽ ചിലർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തുന്നതുവരെ ഇരുവരെയും നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്ന് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇവർക്കെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്.
Discussion about this post