തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയവർക്കെതിരെ കേസ് എടുത്ത് പോലീസ്. കണ്ടാലറിയാവുന്ന നൂറിലധികം പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. നിയമം പ്രാബല്യത്തിൽ വന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാർച്ച്.
വെൽഫെയർ പാർട്ടി, എസ്ഡിപിഐ എന്നീ രാഷ്ട്രീയ സംഘടനകളിലെ അംഗങ്ങൾക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇന്നലെ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ ഇവർ റോഡ് ഉപരോധിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിലാണ് കേസ് എടുത്തിരിക്കുന്നത്. മ്യൂസിയം പോലീസിന്റേതാണ് നടപടി. അധികം വൈകാതെ ഇവരുടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നും പ്രതിഷേധങ്ങൾ ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പോലീസ്. പൗരത്വ നിയമ ഭേദഗതി നിയമം പാസായതിന് പിന്നാലെ രാജ്യത്ത് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അക്രമ സംഭവങ്ങൾ ആയിരുന്നു അരങ്ങേറിയിരുന്നത്.
Discussion about this post