ബറേലി: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർ്കകാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെ നിയമനിർമ്മാണത്തെ സ്വാഗതം ചെയ്യുന്നതായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു. തങ്ങളുടെ പൗരത്വത്തെ ഇത് ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ സിഎഎ നിയമം നടപ്പിലാക്കി. ഈ നിയമത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഇത് വളരെ നേരത്തെ ചെയ്യണമായിരുന്നു, ഈ നിയമവുമായി ബന്ധപ്പെട്ട് മുസ്ലീങ്ങൾക്കിടയിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതത്തിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ നേരിടുന്ന അമുസ്ലിംകൾക്ക് പൗരത്വം നൽകാൻ നേരത്തെ നിയമമൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടിക്കണക്കിന് ഇന്ത്യൻ മുസ്ലീങ്ങളെ ഈ നിയമം ബാധിക്കില്ല… ഈ നിയമം ഒരു മുസ്ലീമിന്റെയും പൗരത്വം എടുത്തുകളയാൻ പോകുന്നില്ല… കഴിഞ്ഞ വർഷങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായത് കണ്ടതാണ്. ഇതിന് കാരണം തെറ്റിദ്ധാരണകളാണ്, ചില രാഷ്ട്രീയക്കാർ മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു. ഇന്ത്യയിലെ ഓരോ മുസ്ലിമും സിഎഎയെ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.










