പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ അനിൽ ആന്റണിയുടെ പോസ്റ്ററുകൾക്ക് നേരെ വ്യാപക ആക്രമണം. പൂഞ്ഞാർ തിടനാട് ചെമ്മലമറ്റം ടൗണിൽ സ്ഥാപിച്ചിരുന്ന അനിൽ ആന്റണിയുടെ ഫ്ലക്സ് ബോർഡുകൾ കീറി നശിപ്പിച്ചു. പോസ്റ്ററിലെ അനിൽ ആന്റണിയുടെ മുഖഭാഗം കീറി വികൃതമാക്കിയാണ് നശിപ്പിച്ചിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പത്തനംതിട്ടയിലെയും പൂഞ്ഞാറിലെയും ബിജെപി നേതാക്കൾ പ്രതിഷേധിച്ചു. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അനിൽ ആന്റണിയുടെ പോസ്റ്ററുകൾക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ടെന്നും പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേരള മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയും ആയിരുന്ന എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നപ്പോൾ മുതൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ ആക്രമണമാണ് അദ്ദേഹത്തിന് എതിരെ നടക്കുന്നത്. പത്തനംതിട്ടയിൽ അനിൽ ആന്റണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചപ്പോൾ തന്നെ എതിർ പാർട്ടിക്കാർ പല രീതിയിലും വിദ്വേഷ പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. തുടർന്നാണ് കഴിഞ്ഞ രാത്രിയിൽ അനിൽ ആന്റണിയുടെ പോസ്റ്ററുകൾ കീറി നശിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
Discussion about this post