കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ച് കയറ്റി ഒരു ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനെ പിടികൂടി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹമ്മദ് സൊറാബിന്റെ മകന് സാമ്പിയ സൊറാബിനെ കൊല്‍ക്കത്തയിലെ ഒളിത്താവളത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ 24 വയസുകാരനായ സാംബിയയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
അപകടത്തിന് ശേഷം തൃണമൂല്‍ നേതാവും മക്കളും ഒളിവിലായിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഭാര്യാവീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചിരുന്നത്.
റിപ്പബ്ലിക് ദിന പരേഡിന് മുന്നൊരുക്കമായി നടത്തിയ പരിശീലന പരേഡിന് നേതൃത്വം നല്കുകയായിരുന്ന 21 വയസുകാരനായ കോര്‍പറല്‍ അഭിമന്യു ഗൗഡാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 6.30നായിരുന്നു അപകടം നടന്നത്.
പരിശീലന പരേഡ് നടക്കുന്ന റെഡ് റോഡിലേക്കുള്ള ഗതാഗതത്തിന് പുലര്‍ച്ചെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. അതിവേഗത്തില്‍ പരേഡ് ഗ്രൗണ്ടിലേക്ക് ആഡംബര കാര്‍ ഔഡിയുമായെത്തിയാണ് സാമ്പിയ സോറാബ് വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയത്. നിയന്ത്രണം വിട്ട വാഹനം തുടര്‍ന്ന് ബാരിക്കേഡുകളും തകര്‍ത്താണ് നിന്നത്. ഔഡി ഉപേക്ഷിച്ച് പ്രതി പുറത്തിറങ്ങി ഓടി ഒളിയ്ക്കുകയും ചെയ്തു.
Discussion about this post