എറണാകുളം : പത്തുവർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും അപൂർവ്വമായ ലൈം രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 56കാരന്റെ രക്ത പരിശോധന ഫലം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ചപ്പോഴാണ് അപൂർവ്വമായ ലൈം രോഗമാണെന്ന് സ്ഥിരീകരിച്ചത്.
ബാക്ടീരിയ വഴി പകരുന്ന ഒരുതരം രോഗമാണ് അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ലൈം രോഗം. ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയയിൽ നിന്നുമാണ് ഈ രോഗം ഉണ്ടാവുന്നത്. ഒരുതരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് രോഗം പടർത്തുന്ന ബാക്ടീരിയ മനുഷ്യന്റെ ശരീരത്തിലേക്ക് എത്തുന്നത്. 10 വർഷങ്ങൾക്കു മുൻപാണ് അവസാനമായി കേരളത്തിൽ ലൈം രോഗം റിപ്പോർട്ട് ചെയ്തിരുന്നത്.
എറണാകുളം സ്വദേശിയായ 56 കാരൻ കടുത്ത പനിയും തലവേദനയും കാൽമുട്ടിൽ നീരുമായാണ് ലിസി ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നത്. അപസ്മാരത്തിന്റെ ചില ലക്ഷണങ്ങളും രോഗി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് രോഗിയുടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചു. ചികിത്സയ്ക്കുശേഷം ആരോഗ്യം മെച്ചപ്പെട്ട രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നതിന്റെ ഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് രോഗിക്ക് ലൈം രോഗം ആണെന്ന് സ്ഥിരീകരിച്ചത്.
Discussion about this post