ഭോപ്പാൽ : കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മധ്യപ്രദേശ് സർക്കാർ അവതരിപ്പിച്ച എയർ ആംബുലൻസ് സർവീസ്. ഇപ്പോഴിതാ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി എയർ ടാക്സി സർവീസ് ആരംഭിക്കുകയാണ് മധ്യപ്രദേശ്. മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് നാളെ എയർ ടാക്സി സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ആദ്യഘട്ടത്തിൽ മധ്യപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ആണ് എയർ ടാക്സി സർവീസ് നടത്തുക.
സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനത്തിനായി മധ്യപ്രദേശ് ടൂറിസം ബോർഡ് ഫ്ലൈയോള കമ്പനിയുമായി സഹകരിച്ചാണ് എയർ ടാക്സി സർവീസ് ആരംഭിക്കുന്നത്. ഫ്ലൈയോള കമ്പനിയുടെ മൂന്ന് ചെറു വിമാനങ്ങളും മറ്റൊരു കമ്പനിയുടെ ഒരു ഹെലികോപ്റ്ററും ആണ് എയർടാക്സി സർവീസിനായി ഉപയോഗിക്കുന്നത്. 6 സീറ്റുകൾ ഉള്ള രണ്ട് ചെറു വിമാനങ്ങളും എട്ടു സീറ്റുകൾ ഉള്ള ഒരു എയർക്രാഫ്റ്റും ആണ് എയർ ടാക്സി സർവീസിനായി ഉൾപ്പെടുത്തിയിട്ടുള്ളത്.
3000 രൂപ മുതലാണ് എയർ ടാക്സിയുടെ സർവീസ് ചാർജ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും. ഭോപ്പാലിൽ നിന്നും ആരംഭിക്കുന്ന സർവീസുകൾ ഉജ്ജയിൻ, ഖജുരാഹോ, ജബൽപൂർ, രേവ, പംചാതി എന്നീ ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് യാത്ര നടത്തുന്നത്. വിനോദസഞ്ചാരികളുടെ ആവശ്യാനുസരണം ഭാവിയിൽ മറ്റു നഗരങ്ങളെ കൂടി ഉൾപ്പെടുത്തി എയർ ടാക്സി സർവീസിന്റെ വ്യാപ്തി വിപുലീകരിക്കും എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് വ്യക്തമാക്കി.
Discussion about this post