തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായുള്ള ലേണേഴ്‌സ് പരീക്ഷകളിലും മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ലേണേഴ്‌സ് രീതിയിൽ കൂടി മാറ്റങ്ങൾ വരുന്നതോടെ എളുപ്പത്തിലൊന്നും ഇനി ലൈസൻസ് കിട്ടില്ലെന്ന കാര്യം ഉറപ്പായി.
നേരത്തെ 20 ചോാദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം നൽകിയാൽ തന്നെ ലേണേഴ്‌സ് കിട്ടുമായിരുന്നു. എന്നാൽ, ഇനിമുതൽ ചോദ്യങ്ങളുടെ എണ്ണം 30 ആയി ഉയർത്തും. ഈ 30 ചോദ്യങ്ങളിൽ 25 എണ്ണം ശരിയാക്കിയാൽ മാത്രമാണ് ലേണേഴ്‌സ് ലഭിക്കുക.
ഒരു ദിവസം 20ൽ കൂടുതൽ ലൈസൻസ് ഒരു ഓഫീസിൽ നിന്നും അനുവധിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വൈകാതെ ഉത്തരവിടും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതിലാണ് കാര്യമെന്ന് മന്ത്രി പറയുന്നു. കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ പുതിയ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇതിന്റെ പ്രായോഗികതയെ കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.












