ഇടുക്കി : മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശിയായ ജ്യോതി എന്ന 31 വയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഭർത്താവിനും രണ്ട് വയസ്സുള്ള മകനും ഒപ്പം യുവതി മൂന്നാറിൽ എത്തിയിരുന്നത്.
ഭർത്താവ് കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നും തിരികെ വന്നപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ജ്യോതിയെ കണ്ടെത്തിയത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലുള്ള പഴയ മൂന്നാർ സിഎസ്ഐ ജംഗ്ഷന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ ആയിരുന്നു ദമ്പതികൾ മുറിയെടുത്തിരുന്നത്. രാവിലെ സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ തിരികെ എത്തിയ ശേഷമായിരുന്നു യുവതി മരിച്ചത്.
യുവതിയുടെ ഭർത്താവാണ് ഹോട്ടൽ റിസപ്ഷനിൽ വിവരമറിയിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post