തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികളുടെ വിജ്ഞാപനം സർക്കാർ പുറത്തിറക്കി. 441 പേരിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അറിയിക്കാനായി 15 ദിവസത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്.
ശബരിമല വിമാനത്താവളത്തിന് ആയുള്ള വിജ്ഞാപനം വൈകുന്നതിൽ നേരത്തെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടിന് ശേഷമാണ് ഇപ്പോൾ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 1000.28 ഹെക്ടർ ഭൂമിയാണ് വിമാനത്താവളത്തിന്റെ നിർമാണത്തിനായി സർക്കാർ ഏറ്റെടുക്കുക. ഭൂമി നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.
ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങൾ സർക്കാർ വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്പെഷ്യൽ തഹസിൽദാറിനാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ചുമതല. ശബരിമല ക്ഷേത്രത്തിലേക്ക് അന്യസംസ്ഥാനത്തുനിന്നുമടക്കം വരുന്നവരുടെ യാത്ര സുഗമമാക്കുക, പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും ഉള്ളവർക്ക് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം ഒരുങ്ങുന്നത്.
Discussion about this post