തിരുവനന്തപുരം : ഡോ. ഷഹനയുടെ മരണത്തിന് കാരണക്കാരനായ പ്രതി റുവൈസിന് പഠനം തുടരാൻ അനുമതി നൽകി ഹൈക്കോടതി. റുവൈസിന്റെ പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. പഠനം തുടരാൻ ആയില്ലെങ്കിൽ പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാകുമെന്നാണ് ഹൈക്കോടതി ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയായിരിക്കെ ആണ് ഡോ. ഷഹന ആത്മഹത്യ ചെയ്തത്. 2023 ഡിസംബറിൽ മെഡിക്കൽ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ വച്ച് ഷഹനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സഹപാഠികൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനസ്തേഷ്യക്കായി നൽകുന്ന മരുന്ന് ഉയർന്ന അളവിൽ കുത്തി വെച്ചാണ് ഷഹന ആത്മഹത്യ ചെയ്തത്. റുവൈസുമായി പ്രണയത്തിൽ ആയിരുന്ന ഷഹന ഇയാൾ ആവശ്യപ്പെട്ട ഉയർന്ന സ്ത്രീധനം നൽകാൻ കഴിയാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഡോക്ടറായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവം കേരളക്കരയാകെ വലിയ ചർച്ചാവിഷയം ആയിരുന്നു. തുടർന്നാണ് ആരോഗ്യ സർവകലാശാല റുവൈസിന്റെ പിജി പഠനം വിലക്കിയിരുന്നത്.
റുവൈസിനെതിരെ കടുത്ത ജനവികാരം ഉള്ള സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കോളേജ് അധികൃതർ ശ്രദ്ധിക്കണം എന്ന് ഹൈക്കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്.
Discussion about this post