ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് എല്ലാവർക്കും ഉറപ്പുള്ള സ്ഥിതിക്ക് എന്തിനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് എന്നും ചിദംബരം ചോദ്യമുന്നയിച്ചു. ഒരു ദേശീയ ചാനൽ നടത്തിയ തിരഞ്ഞെടുപ്പ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു പി ചിദംബരം.
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് താൻ കരുതുന്നില്ലെന്നും ചിദംബരം വ്യക്തമാക്കി. “ഏതാനും സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേട്ടം ഉണ്ടാക്കിയേക്കാം. എന്നാൽ അതുകൊണ്ട് അധികാരത്തിൽ എത്താൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ബിജെപിയുടെ വിജയം തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പൂർണമായ കരാറായി പ്രഖ്യാപിക്കുന്നത് ശരിയല്ല. ബിജെപി സർക്കാർ രൂപീകരിച്ചാലും പ്രതിപക്ഷത്തിനും പ്രാധാന്യം ഉണ്ടാകും” എന്നും പി ചിദംബരം അഭിപ്രായപ്പെട്ടു.
കർണാടക, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യത്തിൽ യാതൊരു പ്രതീക്ഷയും ഇല്ല. എന്തുകൊണ്ടാണ് ആളുകൾ കോൺഗ്രസിന് വോട്ട് ചെയ്യാത്തത് എന്ന് അറിയില്ല. ബിജെപി വലിയ വിജയം നേടുന്നതിന്റെ മൂന്നിൽ രണ്ടു ഭാഗവും കാരണം പ്രധാനമന്ത്രി മോദിയാണ്. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ഭരണഘടനയിൽ വലിയ ഭേദഗതികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്” എന്നും പി ചിദംബരം വ്യക്തമാക്കി.
Discussion about this post