എറണാകുളം : കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വലിയ രീതിയിലുള്ള നിയമലംഘനമാണ് ഈ ബാങ്കുകൾ നടത്തിയിട്ടുള്ളതെന്നും ഇ ഡി സൂചിപ്പിക്കുന്നു. കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഇ ഡി 12 സഹകരണ ബാങ്കുകളെ കുറിച്ച് പരാമർശം നടത്തിയിട്ടുള്ളത്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് കണ്ടെത്തിയതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് മറ്റു സഹകരണ ബാങ്കുകളിൽ കൂടി വൻ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്. കോട്ടയത്തെ മൂന്നിലവ് സഹകരണ ബാങ്ക്, തൃശ്ശൂരിലെ അയ്യന്തോൾ സഹകരണ ബാങ്ക്, ബിഎസ്എൻഎൽ എൻജിനീയേഴ്‌സ് സഹകരണ ബാങ്ക്, കൊല്ലത്തെ ചാത്തന്നൂർ സഹകരണ ബാങ്ക്, തിരുവനന്തപുരത്ത് കണ്ടല, പെരുങ്കടവിള, മാരായമുട്ടം സഹകരണ ബാങ്കുകൾ, ആലപ്പുഴയിലെ മാവേലിക്കര സഹകരണ ബാങ്ക്, പത്തനംതിട്ടയിലെ കോന്നി, മൈലപ്ര സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതായി ഇ ഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുള്ളത്.
ഈ സഹകരണ സംഘങ്ങളിൽ അംഗത്വം നൽകുന്നതിൽ പോലും വലിയ ക്രമക്കേടാണ് നടന്നിട്ടുള്ളത്. സി ക്ലാസ് അംഗത്വം നൽകിയിട്ടുള്ളത് സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമായാണ്. കെവൈസി രേഖപ്പെടുത്തിയതിലും അംഗത്വ രജിസ്റ്റർ സൂക്ഷിക്കുന്നതിലും നിയമവിരുദ്ധത കണ്ടെത്തിയിട്ടുണ്ട്. വായ്പയ്ക്ക് ഈട് വാങ്ങുന്നതിലും വലിയ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളതായി ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.
Discussion about this post