റായ്പൂർ: ഛത്തീസ്ഗഡിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. ഉണ്ടാം എന്ന് അറിയപ്പെടുന്ന സുധാകർ ആണ് അറസ്റ്റിലായത് എന്ന് സുരക്ഷാ സേന അറിയിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ബിജാപൂരിലെ വനമേഖലയിലായിരുന്നു സുധാകറിന്റെ ഒളിത്താവളം. എന്നാൽ ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം സുരക്ഷാ സേനയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകര വിരുദ്ധ പ്രവർത്തനത്തിനായി സുരക്ഷാ സേനയുടെ സംഘം പ്രദേശത്ത് എത്തി. ഇതിനിടെ ഭീകരർ ഇവരെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും തിരിച്ചടിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. ഇതിനിടെയാണ് സുധാകറിനെ പിടികൂടിയത്. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡും കോബ്രയും സംയുക്തമായാണ് തിരച്ചിലിനായി സ്ഥലത്ത് എത്തിയത്.
സിപിഐ മാവോയിസ്റ്റിന്റെ ഡിവിഷണൽ കമ്മിറ്റി അംഗമാണ് സുധാകർ. 1996 ലാണ് ഇയാൾ ഭീകര സംഘടനയിൽ ചേർന്നത്. സുധാകറിന്റെ നേതൃത്വത്തിൽ നൂറ് കണക്കിന് ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. പിടിച്ചുപറി, കൊലപാതകം തുടങ്ങിയ നിവധി കുറ്റകൃത്യങ്ങളിലും ഇയാൾ പങ്കാളിയാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 108 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
ഇയാളെ പിടികൂടാൻ നിരവധി തവണ സുരക്ഷാ സേന ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്ന് ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു. എട്ട് ലക്ഷം രൂപയായിരുന്നു ഇയാളുടെ തലയ്ക്ക് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്.








