കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂർ സ്വദേശി അനുവിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
സംഭവ സമയത്ത് ചുവന്ന ബൈക്കിൽ ഒരാൾ അസ്വാഭാവിക സാഹചര്യത്തിൽ സഞ്ചരിച്ചിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. നേരത്തെ പോക്കറ്റടിക്കേസുകളിൽ ഉൾപ്പെട്ടയാളാണ് ഇയാളെന്നാണ് വിവരം.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരിച്ചതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും തോട്ടിൽ ഒരാൾക്ക് മുങ്ങാനുള്ള വെള്ളമില്ല എന്നും, അനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹത ഉയർന്ന് വന്നത്.
തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയശേഷം അനുവിനെ കാണാതാവുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് അനുവിന്റെ പഴ്‌സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.












