ന്യൂഡൽഹി: രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അടുത്ത മാസം തുടക്കം. ഏഴ് ഘട്ടങ്ങളിലായിട്ടാകും ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം അടുത്ത മാസം 19 ന് നടക്കും.ജൂൺ നാലിനാണ് വോട്ടെണ്ണൽ. ഏപ്രിൽ 26 നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. തിയതികൾ പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
തമിഴ്‌നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. ഏപ്രിൽ 19 ന് ഇവിടെ വോട്ടെടുപ്പ് നടക്കും. അന്നേദിവസം തന്നെ ജമ്മു കശ്മീരിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും നടക്കും. ഏപ്രിൽ 26 നാണ് രണ്ടാം ഘട്ടം. ഇതിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. മെയ് ഏഴിനാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13 ന് നാലാം ഘട്ടം നടക്കും. മെയ് 20 ന് അഞ്ചാം ഘട്ടം, 25 ന് ആറാംഘട്ടം, ജൂൺ ഒന്നിന് ഏഴാംഘട്ടം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് തിയതികൾ.
ഈ മാസം 28 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിയ്ക്കും. ഏപ്രിൽ നാലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഏപ്രിൽ 5 ന് പത്രികയുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടിനാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. കേരളത്തിൽ ഒറ്റഘട്ടം ആയിട്ടാകും തിരഞ്ഞെടുപ്പ് നടക്കുക.
543 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post