മെല്‍ബണ്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം. മൂന്ന് വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. ഇതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി. നേരത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.
ഗ്ലെന്‍ മാക്സ്വെലാണ് (83 പന്തില്‍ 96) കംഗാരുപ്പടയുടെ വിജയശില്പി. മൂന്നാം ഏകദിനത്തിലും മികച്ച സ്കോറിലെത്താന്‍ കഴിഞ്ഞത് മാത്രമാണ് ഇന്ത്യയുടെ നേട്ടം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
ഏഴു ഫോറും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 117 പന്തില്‍ 117 റണ്‍സായിരുന്നു കോഹ്ലിയുടെ സംഭാവന. കോഹ്ലിയുടെ കരിയറിലെ 24ാം സെഞ്ചുറിയും ഓസ്ട്രേലിയയ്ക്കെതിരെ നാലാമത്തേതുമാണിത്. 55 പന്തില്‍ നാലു ഫോറുകളും ഒരു സിക്സറും ഉള്‍പ്പെടെ അജിങ്ക്യ രഹാനെ 50 റണ്‍സെടുത്തു. 9 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 23 റണ്‍സെടുത്ത് ധോണി പുറത്തായി.
മറുപടി ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയ്ക്കായി ആരോണ്‍ ഫിഞ്ച് (21) സ്റ്റീവ് സ്മിത്ത് (41), ജോര്‍ജ് ബെയ്ലി (23), ഷോണ്‍ മാര്‍ഷ് (62) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Discussion about this post