പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ബീഹാറിലെ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ഭിന്നത ഉടലെടുത്തത്. ബീഹാറിലെ ചില ലോക്സഭാ സീറ്റുകൾക്ക് വേണ്ടിയുള്ള അവകാശവാദമാണ് തർക്കത്തിലേക്ക് നയിക്കുന്നത്.
ഈസ്റ്റ് ചമ്പാരൻ, നവാഡ, ഹാജിപൂർ, ഗോപാൽഗഞ്ച് എന്നീ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആർജെഡിയും കോൺഗ്രസും. കത്തിഹാർ സീറ്റിനായി ആർജെഡിയും കോൺഗ്രസും മാത്രമല്ല, ഇടത് പാർട്ടികളും രംഗത്തുണ്ട്. ബെഗുസരായി സീറ്റ് സിപിഐയ്ക്ക് ലഭിക്കുകയാണെങ്കിൽ കത്തിഹാറിനായുള്ള അവകാശവാദത്തിൽ നിന്ന് പാർട്ടി പിന്മാറുമെന്നാണ് സൂചന.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി, ഹാജിപൂർ എന്നീ മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തിൽ എൻഡിഎയാണ് സ്വന്തമാക്കിയത്. മഹാസഖ്യത്തിലെ ആശയക്കുഴപ്പം ഈ മണ്ഡലങ്ങളിൽ ഇത്തവണയും ഗുണം ചെയ്യുമെന്നാണ് എൻഡിഎ ക്യാമ്പ് വിലയിരുത്തുന്നത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗാണ് ബെഗുസരായിയിൽ നിന്നുള്ള സിറ്റിംഗ് എംപി. മറ്റൊരു കേന്ദ്ര മന്ത്രിയായ പശുപതി കുമാർ പരസാണ് നിലവിലെ ഹാജിപൂർ എംപി.
ബീഹാറിലെ ആകെയുള്ള 40 സീറ്റുകളിൽ 28 എണ്ണം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആർജെഡി. കോൺഗ്രസിന് 9 സീറ്റുകളും ഇടത് പാർട്ടികൾക്ക് 3 സീറ്റുകളും നൽകാമെന്ന നിർദ്ദേശമാണ് ആർജെഡി നേതാവ് തേജസ്വി യാദവ് മുന്നോട്ടു വയ്ക്കുന്നത്. സീറ്റ് തർക്കത്തിന് പരിഹാരം കണ്ടെത്താൻ തേജസ്വി യാദവ് ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ കോൺഗ്രസുമായും ഇടത് പാർട്ടികളുമായും ആർജെഡി ചർച്ചകൾ നടത്തും.
ബീഹാറിലെ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ മാസം അവസാനം മൂന്ന് എംഎൽഎമാർ രാജിവെച്ചിരുന്നു. രാജിവെച്ച എംഎൽഎമാരിൽ രണ്ട് പേർ ആർജെഡിക്കാരും ഒരാൾ കോൺഗ്രസുകാരനുമാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഇവർ രാജിവെച്ചത് മഹാസഖ്യത്തിന് കനത്ത ആഘാതമായി മാറിയിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ 39ലും വിജയിച്ചത് ബിജെപി-ജെഡിയു-എൽജെപി സഖ്യമായിരുന്നു. ബിജെപി 17 സീറ്റിൽ ജയിച്ചപ്പോൾ ജെഡിയു 16 സീറ്റിലും എൽജെപി 6 സീറ്റിലുമാണ് വെന്നിക്കൊടി പാറിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർജെഡിക്ക് ഒറ്റ സീറ്റിൽ പോലും ജയിക്കാൻ സാധിച്ചിരുന്നില്ല. കോൺഗ്രസ് നേടിയ ഏക സീറ്റായിരുന്നു മഹാസഖ്യത്തിന്റെ ആകെയുള്ള ആശ്വാസം.
രണ്ട് മാസങ്ങൾക്ക് മുമ്പ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിൽ നിന്ന് അടർത്തിമാറ്റി എൻഡിഎയിലേക്ക് തിരികെ കൊണ്ടുവന്ന് ബിജെപി നിർണായക ചുവടുവയ്പ്പ് നടത്തിയിരുന്നു. ജെഡിയു കൂടി എത്തിയതോടെ, കഴിഞ്ഞ തവണത്തെ ഉജ്ജ്വല പ്രകടനം ഇത്തവണയും ആവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. ബീഹാറിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ മികച്ച പ്രകടനം നടത്തുമെന്നാണ് വിവിധ അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
Discussion about this post