എറണാകുളം : വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി പരാതി. പോലീസ് സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്നും ആണ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരിക്കുന്നത്. മോൺസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നതായാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.
വ്യാജ പുരാവസ്തുക്കളും വിഗ്രഹങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കലൂരിലെ വീട്ടിലാണ് മോഷണം നടന്നിട്ടുള്ളത്. എന്നാൽ മോഷണം പോയ വസ്തുക്കളിൽ വ്യാജ പുരാവസ്തുക്കൾ ഒന്നും തന്നെയില്ല. യഥാർത്ഥത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കലിന്റെ ബന്ധുക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിലപിടിപ്പുള്ള നിലവിളക്കുകൾ, പഞ്ചലോഹത്തിലും ചെമ്പിലും തീർത്തിട്ടുള്ള പ്രതിമകൾ എന്നിവയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റുസ്തം വീട്ടിൽ പരിശോധന നടത്തി. വീടിന്റെ വാതിലുകളോ ജനലുകളോ തകർക്കപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കയ്യിലുള്ള ആരെങ്കിലും ആയിരിക്കാം മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post