വയനാട് : മുൻ ഭാര്യയെ കുടുക്കാനായി യുവാവ് നടത്തിയ ശ്രമം കയ്യോടെ പൊളിച്ച് കേരള പോലീസ്. കാറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചാണ് ചീരാൽ സ്വദേശിയായ മുഹമ്മദ് ബാദുഷ മുൻ ഭാര്യയെ കുടുക്കാനായി ശ്രമിച്ചത്. ഒഎൽഎക്സിൽ വില്പനയ്ക്ക് ഇട്ടിരുന്ന യുവതിയുടെ കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ എത്തിയ മുഹമ്മദ് ബാദുഷയുടെ സുഹൃത്ത് മോൻസി ആണ് കാറിന്റെ ഡ്രൈവർ സീറ്റിനു മുകളിലെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചത്.
കാറിനുള്ളിൽ എംഡിഎംഎ വെച്ചശേഷം മുഹമ്മദ് ബാദുഷ പോലീസിന് രഹസ്യ വിവരം നൽകുകയായിരുന്നു. പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. മുഹമ്മദ് ബാദുഷയുടെ മുൻ ഭാര്യയും ഇപ്പോഴത്തെ ഭർത്താവുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത പോലീസിന് ഇവർ നിരപരാധികൾ ആണെന്ന് മനസ്സിലായി. തുടർന്ന് ഇവർ എവിടെ നിന്നാണ് വാഹനവുമായി വരുന്നത് എന്ന പോലീസിന്റെ അന്വേഷണത്തിലാണ് ഒഎൽഎക്സിൽ വില്പനയ്ക്ക് ഇട്ട കാർ ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോയതാണെന്ന് ഇവർ വ്യക്തമാക്കിയത്.
തുടർന്ന് പോലീസ് ടെസ്റ്റ് ഡ്രൈവിന് എത്തിയ മോൻസിയുടെ നമ്പറിൽ വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. സംശയം തോന്നിയ പോലീസ് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ മോൻസി പിടിയിലായി. മോൻസിയെ ചോദ്യം ചെയ്തപ്പോഴാണ് കാർ ഉടമയായ യുവതിയുടെ മുൻ ഭർത്താവായ മുഹമ്മദ് ബാദുഷയ്ക്ക് വേണ്ടിയാണ് കൃത്യം നടത്തിയത് എന്ന് പോലീസിന് മൊഴി നൽകിയത്. ഒളിവിൽ പോയിരിക്കുന്ന മുഹമ്മദ് ബാദുഷയ്ക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post