ന്യൂഡൽഹി: സിനിമാ നടിമാർ ഉൾപ്പെടെയുള്ളവരെ തട്ടിപ്പിൽ കുടുക്കിയതിന് ഡൽഹിയിലെ മണ്ഡോലി ജയിലിൽ കഴിയുന്ന കോൺമാൻ സുകേഷ് ചന്ദ്രശേഖർ, ഡൽഹി മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത കെ കവിതയെ ‘തിഹാർ ക്ലബിലേക്ക്’ സ്വാഗതം ചെയ്തുകൊണ്ട് കത്ത് പുറത്തു വിട്ടു. കെ കവിതയെ ‘അക്കയ്യ’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് തീഹാർ ക്ലബ്ബിലേക്ക് സ്വാഗതം എന്ന് പറഞ്ഞുള്ള കത്ത് സുകേഷ് പുറത്തു വിട്ടത്. മാത്രമല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ താൻ വെളിപ്പെടുത്തുമെന്നും സുകേഷ് പറഞ്ഞു.
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന സുകേഷ്, ബി ആർ എസ് നേതാവ് കെ കവിതയെ അഭിസംബോധന ചെയ്ത കത്തിൽ, ആരോപണം വ്യാജവും രാഷ്ട്രീയ വേട്ടയും ആണെന്ന് പറഞ്ഞ് ആരും ഒളിച്ചോടാൻ ശ്രമിക്കേണ്ട എന്ന് വ്യക്തമാക്കി. തെറ്റുകൾ നിഷേധിക്കുന്നവർ, അവരുടെ കർമ്മം തിരിച്ചുകിട്ടുകയാണെന്ന് മറക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളെ തൊടാൻ ആർക്കും കഴിയില്ല എന്നാണ് നിങ്ങൾ കരുതിയത്. എന്നാൽ ഇത് പുതിയ ഭാരതമാണെന്ന് നിങ്ങൾ മറന്നു പോയി, നിയമം എന്നത്തേക്കാളും ഇപ്പോൾ ശക്തമാണ് സുകേഷ് പറഞ്ഞു. മാത്രമല്ല തന്റെ രണ്ട് പ്രവചനങ്ങൾ, ബി ആർ എസ്സിന് ഭരണം നഷ്ടമാകുമെന്നും, കെ കവിത ജയിലിൽ ആകുമെന്നും ഉള്ളത് സത്യമായി എന്നും അദ്ദേഹം പറഞ്ഞു. അടുത്തതായി കെജ്രിവാൾ ആണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു
ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിൻ്റെ മകൾ കെ.കവിതയെ ഹൈദരാബാദിലെ സ്ഥാപനത്തിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷം ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കത്ത് പുറത്ത് വന്നിരിക്കുന്നത്
Discussion about this post