തിരുവനന്തപുരം; സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ, തിരഞ്ഞെടുപ്പ് തീയതി മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. കേരളത്തിനൊപ്പം കർണാടക, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും അതേ ദിവസമാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ആകെ 7 ഘട്ടങ്ങളിലായുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്.ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നാണ്.
Discussion about this post