ന്യൂഡൽഹി : മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ അമിത് ഷായുടെ വീട്ടിലെത്തിയാണ് രാജ് താക്കറെ അദ്ദേഹത്തെ സന്ദർശിച്ചത്. നേരത്തെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ വിനോദ് താവ്ഡെയേയും രാജ് താക്കറെ സന്ദർശിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള രാജ് താക്കറെയുടെ സന്ദർശനത്തോടെ കഴിഞ്ഞ ഏതാനും നാളുകളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചർച്ചാവിഷയം ആയിരുന്ന ഭാരതീയ ജനതാ പാർട്ടിയും മഹാരാഷ്ട്ര നവനിർമാൺ സേനയും തമ്മിലുള്ള സഖ്യം ഇപ്പോൾ ഏറെക്കുറെ ഉറപ്പായ നിലയിലാണ്. മഹാരാഷ്ട്ര നവനിർമ്മാൺ സേന എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുന്നതായുള്ള പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന ബിജെപി അധ്യക്ഷനായ ചന്ദ്രശേഖർ ഭവൻകുലെയും ന്യൂഡൽഹിയിൽ എത്തിച്ചേർന്നിട്ടുള്ളതിനാൽ വൈകാതെ തന്നെ മഹാരാഷ്ട്ര നവനിർമ്മാൺ സേന എൻഡിഎ സഖ്യത്തിന്റെ ഭാഗമാകും എന്നാണ് സൂചന. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 45 സീറ്റുകളും നേടുക എന്നുള്ളതാണ് ഇത്തവണ എൻഡിഎ സഖ്യം ലക്ഷ്യം വയ്ക്കുന്നത്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സഹോദര പുത്രനായ രാജ് താക്കറെ എൻഡിഎ സഖ്യത്തിനൊപ്പം ചേരുന്നത് ഈ ലക്ഷ്യം കൂടുതൽ എളുപ്പമാക്കും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post