ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അയൽ രാജ്യമായ ഭൂട്ടാൻ സന്ദർശിക്കും. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഭൂട്ടാനിൽ എത്തുന്നത്. ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം നിർണായകമാണ്.
ഈയാഴ്ച തന്നെ നരേന്ദ്രമോദി ഭൂട്ടാനിലേക്ക് യാത്ര തിരിക്കുമെന്ന് പിഎംഒ ഓഫീസ് അറിയിച്ചു. ഭൂട്ടാനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു. മാർച്ച് പതിനാലിന് ന്യൂഡൽഹിയിൽ വച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പരസ്പരമുള്ള ഉഭയകക്ഷി സഹായങ്ങൾ ഇരു രാജ്യങ്ങളും വർദ്ധിപ്പിക്കുമെന്ന് ഇരുവരും തമ്മിലുള്ള ചർച്ചയിൽ ധാരണയായി.
പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന മൂന്നാമത്തെ ഭൂട്ടാൻ സന്ദർശനമാണിത്. നേരത്തെ 2014ലും 2019ലും അദ്ദേഹം ഭൂട്ടാൻ സന്ദർശിച്ചിരുന്നു. ഭൂട്ടാൻ പ്രധാനമന്ത്രിയായി അടുത്തിടെ ചുമതലയേറ്റ ശേഷം ഇന്ത്യയുടെ പിന്തുണയോടെ 1500 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പദ്ധതി ടോബ്ഗേ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നു. ഭൂട്ടാൻ്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി ഭൂട്ടാൻ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി ഭൂട്ടാൻ പ്രധാനമന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
Discussion about this post