മുംബൈ : പിറന്നാൾ ആഘോഷങ്ങൾക്കായി വ്യത്യസ്തത പരീക്ഷിക്കുന്നവരാണ് ഇന്നത്തെ യുവത്വം. വ്യത്യസ്ത വീഡിയോകൾ നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കൂടുതൽ ലൈക്കുകൾ വാങ്ങാനാണ് ഇത്തരം പല ശ്രമങ്ങളും നടത്താറുള്ളത്. അത്തരത്തിൽ ഒരു വെറൈറ്റിക്കായി പിറന്നാൾ കേക്ക് വാൾ കൊണ്ട് മുറിക്കുകയും അതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതിന് ഒരു 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുൽ മോഹ്നിക്കർ എന്ന 19 വയസ്സുകാരൻ തന്റെ പിറന്നാൾ കേക്ക് വാൾ കൊണ്ട് മുറിച്ച് ആഘോഷം നടത്തിയത്. ഈ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ രാഹുൽ തന്റെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ പ്രചരിച്ചതോടെ ഇത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.
തുടർന്ന് നാഗ്പൂർ പോലീസ് രാഹുലിന്റെ വീട്ടിൽ റെയ്ഡ് നടത്തി. ഉംരെദ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ റോഡിൽ വീട്ടിൽ നിന്നും വാൾ പിടിച്ചെടുത്തു. സംസ്ഥാനത്തെ ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.








