തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടികളും വ്യക്തികളും കള്ളപ്പണ ഇടപാടുകൾ നടത്താതിരിക്കാനായി നിരീക്ഷണം ശക്തമാക്കി ആദായനികുതി വകുപ്പ്. നിരീക്ഷണത്തിനായി ആദായനികുതി വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഇൻകം ടാക്സ് ഡയറക്ടർ ജനറൽ ദേബ്ജ്യോതിദാസ് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
150ലേറെ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി ആദായനികുതി വകുപ്പ് സംസ്ഥാനത്തുടനീളമായി നിയോഗിച്ചിട്ടുള്ളത്. കള്ളപ്പണം ഇടപാടുകളും കണക്കിൽ പെടാത്ത പണത്തിന്റെ വിനിയോഗവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ശ്രമമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിരീക്ഷണങ്ങൾ ഉണ്ടാകും എന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
കണക്കിൽ പെടാത്ത പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈമാറുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകാൻ ഉണ്ടെങ്കിൽ ആദായനികുതി വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്. കൊച്ചിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആണ് ഇതിനായി തുറന്നിട്ടുള്ളത്. 1800 – 425 – 3173 എന്നാൽ ടോൾഫ്രീ നമ്പറിലോ 8714936111 എന്ന വാട്സ്ആപ്പ് നമ്പറിലോ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്.
Discussion about this post