തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങൾ ജനങ്ങളെ വലയ്ക്കുന്നത് തുടരുന്നു. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് കെ എസ് ആർ ടി സി മാത്രമുള്ള റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിക്കാനുള്ള നീക്കമാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
രാവിലെ 10ന് ശേഷം വൈകിട്ട് മൂന്ന് വരെയുള്ള സർവീസുകൾക്കും രാത്രി സർവീസുകളുമാണ് പുതിയ പരിഷ്കരണത്തിലൂടെ ഇല്ലാതായിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവീസ് അനുമതിയുള്ള തലസ്ഥാന ജില്ലയിലെ തെക്കൻ, മലയോര പ്രദേശത്തുൾപ്പെടെ യാത്രക്കാർ മണിക്കൂറുകൾ റോഡിൽ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. രാത്രി എട്ടിനുശേഷമാണെങ്കിൽ മിക്ക റൂട്ടിലും ബസ്സുമില്ല. ഇതോടു കൂടി വലിയ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങൾ.
മൂന്നു മാസത്തിനിടെ ഒരു ലക്ഷം കിലോമീറ്റർ പ്രതിദിന സർവീസിലാണ് കുറവുവരുത്തിയത് . കിലോമീറ്ററിന് 28 രൂപ കിട്ടാത്ത ട്രിപ്പുകൾ വേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. മൂന്ന് മാസം മുമ്പ് പ്രതിദിന സർവീസ് 15 ലക്ഷം കിലോമീറ്ററായിരുന്നെങ്കിൽ ഇന്നത് 14 ലക്ഷം കി.മീറ്ററിൽ താഴെയാണ്. 4500 – 4750 ബസുകൾ പ്രതിദിനം സർവീസ് നടത്തിയ സ്ഥാനത്ത് ഇപ്പോൾ 3900 – 4000 ബസുകൾ മാത്രം. അതായത് 750 ഓളം ബസ്സുകളുടെ കുറവ്. ഗതാഗത മന്ത്രിയുടെ നിദ്ദേശപ്രകാരം, റൂട്ട് പരിഷ്‌കരണമെന്ന പേരിലാണ് കെ എസ് ആർ ടി സി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്.
Discussion about this post