ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സൗദിയിലെ അബഹയിലാണ് പോരാട്ടം. ഇന്ത്യൻ സമയം നാളെ പുലർച്ചെ 12.30നാണ് മത്സരം. ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ. 6 പോയിന്റുള്ള ഖത്തറാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. ഇന്ത്യയ്ക്കും കുവൈറ്റിനും മൂന്ന് പോയിന്റ് വീതമുണ്ടെങ്കിലും, ഗോൾ വ്യത്യാസത്തിൽ കുവൈറ്റ് രണ്ടാമതാണ്.
ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനോട് ഭുവനേശ്വറിൽ 3-0ത്തിന് പരാജയപ്പെട്ട ഇന്ത്യ കുവൈറ്റിനെ അവരുടെ തട്ടകത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതിന് ശേഷം ടീമിന്റെ ഹോം മത്സരങ്ങൾ രാജ്യത്തിന് പുറത്താണ് നടക്കുന്നത്. നിലവിൽ സൗദിയിലാണ് അഫ്ഗാന്റെ ഹോം പോരാട്ടങ്ങൾ അരങ്ങേറുന്നത്.
ഈ മാസം 26ന് ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും അഫ്ഗാനിസ്ഥാനെ നേരിടും. ഖത്തറും കുവൈറ്റുമായുള്ള അടുത്ത മത്സരങ്ങൾ ജൂണിലാണ്. 2026 ലോകകപ്പ് യോഗ്യതാ പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ സുനിൽ ചേത്രിയുടെ നേതൃത്വത്തിൽ ബ്ലൂ ടൈഗേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമായി മൂന്ന് പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. പരിക്കിന്റെ പിടിയിലായിരുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിംഗ്, സ്റ്റാർ ഡിഫൻഡർ അൻവർ അലി എന്നിവർ കളത്തിൽ തിരിച്ചെത്തിയത് ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന് കരുത്ത് പകരും.
മോഹൻ ബഗാന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദാണ് ഇന്ത്യൻ ടീമിലെ ഏക മലയാളി. മുന്നേറ്റ നിരയിൽ വെറ്ററൻ താരം സുനിൽ ചേത്രിക്ക് പിന്തുണ നൽകാൻ ചാങ്തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ് എന്നിവർ ഉണ്ടാകും. ഫിഫ റാങ്കിംഗിൽ അഫ്ഗാനിസ്ഥാനെക്കാൾ മുന്നിലുള്ള ടീമാണ് ഇന്ത്യ. ലോക റാങ്കിംഗിൽ ഇന്ത്യ 117 ആം സ്ഥാനത്തും അഫ്ഗാൻ 158 ആം സ്ഥാനത്തുമാണ്. മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഡി ഡി സ്പോർട്സിൽ ഉണ്ടാകും.








