ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല. എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ്ബാങ്ക് നിർദ്ദേശം നൽകി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ആണെന്നുള്ളത് കണക്കിലെടുത്താണ് ഈസ്റ്റർ ദിനമായ മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഈസ്റ്റർ ദിനത്തിൽ ബാങ്ക് തുറന്നു പ്രവർത്തിക്കും എന്നുള്ള കാര്യം ഇടപാടുകാരെ അറിയിക്കണം എന്നും റിസർവ് ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിലെ അവസാന ദിനമായ മാർച്ച് 31ന് മുൻപ് തുടർച്ചയായി അവധികൾ വരുന്നതിനാൽ ആണ് ഈസ്റ്റർ, ഞായറാഴ്ച എന്നീ പ്രത്യേകതകൾ മാറ്റിവെച്ച് മാർച്ച് 31ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായിട്ടുള്ളത്.
മാർച്ച് 25, 26 തീയതികളിൽ ഹോളി ആഘോഷങ്ങളുമായി ബന്ധപ്പെട്ട രാജ്യത്ത് വിവിധ ബാങ്കുകൾക്ക് അവധിയാണ്. മാർച്ച് 29 ദുഃഖവെള്ളി ആയതിനാൽ അന്നും ബാങ്ക് അവധിയാണ്. തൊട്ടടുത്ത ശനിയാഴ്ച മാസത്തിലെ അവസാന ശനിയാഴ്ച ആയതിനാൽ അന്നും ബാങ്ക് അവധിയായിരിക്കും എന്നുള്ളത് കണക്കിലെടുത്താണ് ഈസ്റ്റർ ദിനമായ മാർച്ച് 31ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും ആണ് ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കേണ്ടത്. പേയ്മെന്റുകളും രസീതുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും 2023-2024 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ തീർപ്പാക്കേണ്ടതായി ഉണ്ട്. ഇക്കാര്യത്തിന് മുൻഗണന നൽകുന്നതിനാൽ ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കുന്ന ബാങ്കുകളിൽ പൊതുജനങ്ങളുടെ ഇടപാടുകൾ പരിമിതപ്പെടുത്തുന്നതാണ്.
Discussion about this post