ന്യൂഡൽഹി:ഹോളി ആഘോഷങ്ങളുടെ അനുബന്ധിച്ച് സാധാരണ യാത്രക്കാർക്ക് ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യത്തിനും , തിരക്ക് ഒഴിവാക്കുന്നതിനുമായി 540 അധിക ട്രെയിൻ സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ .
ഡൽഹി – പട്‌ന , ഡൽഹി – ഭഗൽപൂർ, ഡൽഹി- മുസാഫർപൂർ, ഡൽഹി- സഹർസ, ഗോരാഖ്പൂർ -മുംബൈ, കൊൽക്കത്ത്- പുരി, ഗുവാഹത്തി- റാഞ്ചി , ന്യൂഡൽഹി- ശ്രീ മാതാ ദേവി തുടങ്ങിയ റെയിൽവേ റൂട്ടുകളിലൂടെയാണ് സർവീസുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സെൻട്രൽ റെയിൽവേ 88 ട്രെയിൻ സർവീസുകളും ഈസ്റ്റ് സെൻട്രൽ റെയിൽവേ 79 ഉം , നോർത്തേൺ റെയിൽവേ 93 ഉം സർവീസ് നടത്തുന്നുണ്ട്. കൂടാതെ, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ ആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രവർത്തന തടസ്സങ്ങൾ ഉടനടി പരിഹരിക്കാൻ ഉദ്യോഗസ്ഥരെ എമർജൻസി ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുമുണ്ട്.
യാത്രക്കാർക്ക് യാത്രാനുഭവം സുഗമമാക്കുന്നതിന് , പ്ലാറ്റ്‌ഫോം നമ്പറുകൾ സഹിതം ട്രെയിൻ വരവും പുറപ്പെടലും സംബന്ധിച്ച അറിയിപ്പുകൾ നൽകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട് . ഉത്സവ കാലത്ത് റെയിൽവേ യാത്ര സുരക്ഷിതവും കാര്യക്ഷമവും സൗകര്യപ്രദവുമാണെന്ന് ഉറപ്പാക്കാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.
Discussion about this post