തൃശൂർ: കലാമണ്ഡലം കൂത്തമ്പലത്തിൽ ആർഎൽവി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം നത്തുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിക്കാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്.
രാമകൃഷ്ണനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ കലാമണ്ഡലം നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാമകൃഷ്ണനെ കലാമണ്ഡലം തന്നെ നേരിട്ട് മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ചത്. ക്ഷണം രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാൽ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എൻറെ അഭിപ്രായത്തിൽ ആൺപിള്ളേർക്ക് മോഹിനിയാട്ടം ചേരുകയാണെങ്കിൽ തന്നെ അവർക്ക് അതുപോലെ സൗന്ദര്യം വേണം. ആൺ പിള്ളേരിൽ നല്ല സൗന്ദര്യം ഉള്ളവർ ഇല്ലേ? ഇവനെ കണ്ടാൽ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ലെന്നായിരുന്നു പരാമർശം. അതേസമയം, പറഞ്ഞതിൽ ഉറച്ച് നൽകുന്നു എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നും കലാമണ്ഡലം സത്യഭാമ പറഞ്ഞു.












