തെലങ്കാന; കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് ഇലക്ടറൽ ബോണ്ടായി 25 കോടി രൂപ കിറ്റെക്‌സ് എംഡി സാബു ജേക്കബ് നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ. തെലങ്കാനയിൽ ഭരണകക്ഷിയായിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് വിവിധ ഘട്ടങ്ങളിലായാണ് 25 കോടി ഇലക്ടറൽ ബോണ്ട് കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരം. ബോണ്ട് സീരിയൽ നമ്പറുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടതോടെയാണ് ഇക്കാര്യം വ്യക്തമായതെന്നാണ് വിവരം.
2021 ജൂണിൽ കേരളത്തിലെ 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി കിറ്റെക്‌സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിന് ശേഷം ജൂലൈയിൽ തെലങ്കാനയിലെ വാറങ്കലിൽ 1000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഈ സമയത്താണ് സാബു ബിആർഎസിന് ഇലക്ടറൽ ബോണ്ടിലൂടെ പണം കൈമാറിയിരിക്കുന്നത്.
കിറ്റെക്‌സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്‌സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡും കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡും ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകൾ ജൂലൈ 17 ന് ബിആർഎസിന് സംഭാവന ചെയ്തു. ഇരു കമ്പനികളും 10 കോടിയുടെ ബോണ്ടുകൾ ഒക്ടോബർ 16 ന് ബിആർഎസിന് നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഒസി സീരിയലിലുള്ള ഈ ബോണ്ടുകൾ ഒക്ടോബർ 16 ന് ബിആർഎസ് പണമാക്കി മാറ്റി. തെലങ്കാനയിൽ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് കിറ്റെക്‌സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്.
Discussion about this post