തൃശ്ശൂർ: കഴിഞ്ഞ ദിവസമാണ് നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന് എതിരെ ജാതിയ അധിക്ഷേപവുമായി കലാമണ്ഡലത്തിലെ ടീച്ചർ സത്യഭാമ രംഗത്ത് വന്നത്. ആ സംഭവം വൻ പ്രതിഷേധമാണ് സൃഷ്ടിച്ചത്. എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മിയ. ആർഎൽവി രാമകൃഷ്ണനെ കുറിച്ചുള്ള നല്ലൊരു ഓർമ പങ്ക് വച്ചാണ് നടി രംഗത്ത് വന്നിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ
ആർഎൽവി രാമകൃഷ്ണൻ സാറിനെ എതിരെ വളരെ മോശമായ രീതിയിൽ പറയുന്ന ഒരു വീഡിയോ കാണാനിടയായി. ഈ സമയത്ത് സാറിനെ കുറിച്ചുള്ള നല്ലൊരു ഓർമ പങ്കുവയ്ക്കണം എന്നു തോന്നി. ഞാൻ പ്ലസ്ടു പഠിക്കുന്ന സമയം. അന്ന് കോട്ടയം ജില്ല കത്സോവത്തിൽ മോഹിനിയാട്ടത്തിന് പങ്കെടുക്കുകയായിരുന്നു ഞാൻ. എട്ടര മിനിറ്റ് കളിച്ചു കഴിഞ്ഞപ്പോൾ പാട്ട് നിന്നു പോയി. ടെക്നിക്കൽ എറർ കാരണം ഡാൻസ് നിന്നുപോക്കുകയാണെങ്കിൽ കുട്ടിക്ക് വീണ്ടും ഒരു ചാൻസ് കൂടി കൊടുക്കും. അങ്ങനെ എനിക്ക് കളിക്കാൻ ചാൻസ് കിട്ടി. മൂന്നാലു കുട്ടികൾ കളിച്ച് കഴിയുമ്പോൾ എനിക്ക് വീണ്ടും കളിക്കാം. അങ്ങനെ ഞാനും അമ്മയും വേദിക്ക് പിറകിൽ ഇരിക്കുകയായിരുന്നു. അപ്പോൾ രാമകൃഷ്ണൻ സാർ മോഹിനിയാട്ടത്തിൽ പങ്കെടുപ്പിക്കാനായി മറ്റൊരു കുട്ടിയെ തയ്യാറാക്കുകയായിരുന്നു. സാർ എന്നോട് എന്ത് പറ്റിയെന്നൊക്കെ ചോദിച്ചു. എന്നോട് റെസ്റ്റ് എടുക്കാൻ പറഞ്ഞ് സാറിന്റെ സ്റ്റുഡന്റിനു കഴിക്കാൻ വച്ചിരുന്ന ഓറഞ്ച് എടുത്തു തന്നു. ടെൻഷൻ ഒന്നും ഇല്ലാതെ പോയി കളിച്ചാൽ മതി എന്ന് പറഞ്ഞിട്ട് എനിക്ക് വേണ്ട എല്ലാ സപ്പോർട്ടും തന്നു. എന്റെ ഡാൻസിന്റെ സമയം ആയപ്പോൾ എന്നെ അദ്ദേഹം കയറ്റി വിട്ടു. അന്നാണ് ഞാൻ സാറിനെ ആദ്യമായി കാണുന്നത്. സാറിന്റെ വിദ്യാർത്ഥിക്ക് എതിരായിട്ടാണ് ഞാൻ മത്സരിച്ചത്. എന്നിട്ടുപോലും യാതൊരു വിധത്തിലുളള നെഗറ്റീവ് ഇമോഷനും രാമകൃഷ്ണൻ സാർ എന്നോട് കാണിച്ചില്ല. അദ്ദേഹം ഒരു കറകളഞ്ഞ മനുഷ്യനാണ്. ഞങ്ങൾ എല്ലാവരും സാറിന്റെ ഒപ്പമുണ്ട്.
Discussion about this post