ന്യൂഡൽഹി : ഡൽഹിയിലെ ആം ആദ്മി എംഎൽഎ ഗുലാബ് സിംഗ് യാദവിൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഡൽഹിയിലെ മതിയാല മണ്ഡലത്തിലെ എഎപി എംഎൽഎയാണ് ഗുലാബ് സിംഗ് യാദവ്. മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് ഒരു ദിവസത്തിനു ശേഷമാണ് ആം ആദ്മി പാർട്ടിയുടെ മറ്റൊരു നേതാവായ ഗുലാബ് സിംഗിന്റെ വസതിയിൽ ഇ ഡി പരിശോധന നടത്തുന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു ഇഡി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി റോസ് അവന്യൂ കോടതി മാർച്ച് 28 വരെ അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള അഴിമതിയുടെ പ്രധാന ഗുണഭോക്താവ് എഎപിയാണെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. 2022ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏകദേശം 45 കോടി രൂപയോളം ചെലവഴിച്ചത് മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണമായിരുന്നു എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post