ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത നടപടി ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഉടൻ പരിഗണിക്കില്ല. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്രിവാളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു അരവിന്ദ് കെജ്രിവാൾ ഹർജി നൽകിയിരുന്നത്.
ഇഡി അറസ്റ്റിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഉടൻ കേൾക്കേണ്ട സാഹചര്യമില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വെള്ളിയാഴ്ച ഹൈക്കോടതി മാർച്ച് 28 വരെ കസ്റ്റഡിയിൽ വിട്ടിരുന്നു.
അതേസമയം ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജയിലിൽ ഓഫീസ് ഒരുക്കി നൽകണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ രംഗത്തെത്തി. ഡൽഹിയുടെ ഭരണകാര്യങ്ങൾ നിർവഹിക്കാൻ കെജ്രിവാളിന് ജയിലിനുള്ളിൽ ഓഫീസ് ഒരുക്കി നൽകണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നാണ് ഭഗവന്ത് മാൻ വ്യക്തമാക്കിയത്.
Discussion about this post